'കൈറ്റ് ഗ്നൂ ലിനക്സ് ലൈറ്റ് 2020' (KITE GNU-Linux Lite 2020) -പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റം

പ്രോസസിംഗ് ശക്തി കുറഞ്ഞ കമ്പ്യൂട്ടറുകളിൽ കുറഞ്ഞ സ്റ്റോറേജ് സ്പേസ് പ്രയോജനപ്പെടുത്തി ഉപയോഗിക്കാനാകുന്നവിധം ഓപ്പറേറ്റിംഗ് സിസ്റ്റത്തോടൊപ്പം എല്ലാ പാക്കേജുകളും ഒരുമിച്ച് ലഭിക്കും. ഓപ്പറേറ്റിംഗ് സിസ്റ്റം കൈറ്റിന്റെ വെബ്സൈറ്റിൽ നിന്നും (www.kite.kerala.gov.in) സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്ന് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു അടിസ്ഥാനമാക്കി തയ്യാറാക്കിയ പാക്കേജിൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പുറമെ ഓഫീസ് പാക്കേജുകൾ, ഭാഷാ ഇൻപുട്ട് ടൂളുകൾ, ഡേറ്റാബേസ് ആപ്ലിക്കേഷനുകൾ, ഡിടിപി - ഗ്രാഫിക്സ് ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയറുകൾ, സൗണ്ട് റിക്കോർഡിംഗ് വീഡിയോ എഡിറ്റിംഗ് പാക്കേജുകൾ, പ്രോഗ്രാമിനുള്ള ഐഡിഇകൾ, സ്‌ക്രാച്ച് വിഷ്വൽ പ്രോഗ്രാമിംഗ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര പ്രശസ്തമായ വിദ്യാഭ്യാസ സോഫ്റ്റ്വെയറുകളായ ജിയോജിബ്ര, ഫെറ്റ്, ജിക്രോമ്പ്രിസ്, തുടങ്ങിയവയ്ക്ക് പുറമെ ചിത്രങ്ങളിലും പിഡിഎഫിലുമുള്ള അക്ഷരങ്ങളെ യൂണികോഡിൽ ലഭിക്കുന്ന ജി-ഇമേജ് റീഡർ ഉൾപ്പെടെ നിരവധി യൂട്ടിലിറ്റി പാക്കേജുകളും ഇതിലുണ്ട്. മലയാളം കമ്പ്യൂട്ടിംഗ് സാധ്യമാക്കുന്നതിന് വിപുലമായ മലയാളം യൂണികോഡ് ഫോണ്ട് ശേഖരണവും പ്രത്യേക ഇംഗ്ലീഷ്- മലയാളം ഡിക്ഷണറിയും ഇതിലുണ്ട്. ഡിടിപി സെന്ററുകൾ, അക്ഷയ കേന്ദ്രങ്ങൾ, സോഫ്റ്റ്വെയർ ഡെവലപ്പർമാർ, കോളേജ് വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കും കൈറ്റ് ഗ്നൂ ലിനക്സ് ലൈറ്റ് ഉപയോഗിക്കാം. 2.5 ജി.ബി ഫയൽ സൈസിൽ ഡൗൺലോഡ് ചെയ്യാവുന്ന പാക്കേജിന് മൊത്തം 12 ജിബി ഇൻസ്റ്റലേഷൻ സ്പേസെ ആവശ്യമുള്ളൂ. പ്രത്യേകം ഇൻസ്റ്റാൾ ചെയ്യാതെ പെൻഡ്രൈവ് ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം.

അഭിപ്രായങ്ങള്‍