ഓടിവന്നു കുടികൊണ്ട കുമാരനല്ലൂര്‍ കാര്‍ത്യായനി ; ലോകമെങ്ങും പുകൾപെറ്റ തൃക്കാർത്തിക; ഇതാണ് കഥ–kumaranalloor-temple

കുമാരനല്ലൂരമ്മയുടെ തിരുനടയിൽ ഉത്സവം നടക്കുകയാണ്. ദേവിയ്ക്കു പുതിയ സിംഹവാഹന പീഠം മാനേജർ കെ  എ മുരളി സമർപ്പിച്ചു.  കോട്ടയം ജില്ലയിലെ കുമാരനല്ലൂരിൽ മീനച്ചിലാറിന്റെ പടിഞ്ഞാറേക്കരയിൽ അഞ്ജനശിലയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മധുര മീനാക്ഷിയുടെ ഐതിഹ്യം ഇങ്ങനെ.

ഐതിഹ്യമാല പ്രകാരം ദേവിയുടെ തിരുഅവതാര കഥ ഇങ്ങനെ–ഒരിക്കൽ ആ ദേവീവിഗ്രഹത്തിൽ ചാർത്തിയിരുന്ന അമൂല്യമായ മൂക്കുത്തി നഷ്ടമായി.   പല സ്ഥലങ്ങളിലായി അന്വേഷിച്ചിട്ടും മൂക്കുത്തി തിരിച്ചുകിട്ടിയില്ല. . മൂക്കുത്തി പോയി എന്നു കേട്ടു പാണ്ഡ്യരാജാവു പലവിധത്തിൽ അന്വേ‌ഷണങ്ങൾ നടത്തീട്ടും ഒരു തുമ്പുമുണ്ടായില്ല. ബിംബത്തിന്മേൽ ചാർത്തിയിരുന്ന സാധനം ശാന്തിക്കാരനറിയാതെ പോവുകയില്ലെന്നുതന്നെ ഒടുക്കം രാജാവു തീർച്ചപ്പെടുത്തി. ശുദ്ധാത്മാവും ദേവിയെക്കുറിച്ചു വളരെ ഭക്തിയുള്ള ആളുമായിരുന്ന ആ പഴയ ശാന്തിക്കാരന് ഈ മൂക്കുത്തി പോയത് ഏതു പ്രകാരമാണെന്നു വാസ്തവത്തിൽ യാതൊരറിവുമുണ്ടായിരുന്നില്ല. 

പാണ്ഡ്യരാജൻ ശാന്തിക്കാരനെ  വരുത്തി ചോദ്യം തുടങ്ങി. പലവിധത്തിൽ ചോദിച്ചിട്ടും മൂക്കുത്തി പോയതെങ്ങനെണെന്ന് അറിഞ്ഞുകൂടെന്നുതന്നെ അദ്ദേഹം പറഞ്ഞു. അവസാനം നാല്പതുദിവസത്തിനകം മൂക്കുത്തിയുമായി തിരിച്ചുവരണമെന്നും അല്ലാത്തപക്ഷം ശാന്തിക്കാരനെ തലയറുത്തുകൊല്ലുമെന്നും രാജാവ് ഉത്തരവിട്ടു. ഇതുകേട്ടു ശാന്തിക്കാരൻ ഒന്നും മറുപടി പറയാതെ വ്യസനത്തോടുകൂടി രാജസന്നിധിയിൽനിന്നു പോയി. 


പലവിധത്തിൽ അന്വേ‌ഷിച്ചു നോക്കീട്ടു മൂക്കുത്തി കണ്ടുകിട്ടിയില്ല. അങ്ങനെ മുപ്പത്തൊമ്പതു ദിവസമായി. മുപ്പത്തൊമ്പതാം ദിവസം രാത്രിയിൽ പിറ്റേദിവസം തന്റെ തല പോകുമല്ലോ എന്നു വിചാരിച്ചു ദുഖിതനായി അദ്ദേഹം കിടന്നു. കണ്ണടച്ച സമയം ആരോ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന്, 'അങ്ങിനി ഇവിടെ താമസിച്ചാലാപ ത്തുണ്ടാവും. ഇതാ കാവൽക്കാരെല്ലാം നല്ല ഉറക്കമായിരിക്കുന്നു. ഈ തരത്തിനു പുറത്തിറങ്ങി ഓടിക്കൊള്ളു. എന്നാൽ വല്ല ദിക്കിലും ചെന്നു രക്ഷപ്പെടൂ' എന്നു പറഞ്ഞു. ഉടനെ അദ്ദേഹം കണ്ണുതുറന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല. തോന്നിയാതായിരിക്കുമെന്നു കരുതി അദ്ദേഹം വീണ്ടും കിടന്നു എന്നാൽ അദ്ദേഹം കണ്ണടച്ചപ്പോൾ മൂന്നാമതും മേൽപ്രകാരം സ്വപ്ന ദര്‍ശനമുണ്ടായി പറഞ്ഞു.


ഇതു ദേവി അരുളിച്ചെയ്തതുതന്നെ ആയിരിക്കും. അതിനാൽ വേഗത്തിൽ  രക്ഷപ്പെടുകയെവന്നുന്നു വിചാരിച്ചു നിശ്ചയിച്ചിട്ട് അദ്ദേഹം അവിടെനിന്നെണീറ്റു ശരവേഗത്തിൽ പുറത്തിറങ്ങി ഓടിത്തുടങ്ങി. അപ്പോൾ സർവാംഗ വിഭൂഷിതയായ ഒരു സ്ത്രീ " അങ്ങു പോവുകയാണെങ്കിൽ ഞാനും പോരികയാണ്" എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പിന്നാലേ ഓടിയെത്തി. കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ മുൻപിൽക്കടന്ന് ഓടിത്തുടങ്ങി. കുറ്റാക്കൂരിരുട്ടിലും ശരീരശോഭയും ആഭരണങ്ങളുടെ പ്രകാശവും നിമിത്തം ആ ബ്രാഹ്മണനു വഴിയൊക്കെ ഗോചരമായ. അങ്ങനെ രണ്ടുപേരും കൂടി നാലഞ്ചുനാഴിക ദുരംവരെ ഓടിയപ്പോൾ ആ സ്ത്രീ പെട്ടെന്നു മറഞ്ഞു.  വഴിയും ദിക്കുമെല്ലാം അതോടെ അന്ധകാരമയമായി. 

 തപ്പിത്തപ്പി പിന്നെയും കുറേശ്ശ നടന്നുതുടങ്ങി. ക്ഷീണംകൊണ്ടു നടക്കാനും അദ്ദേഹത്തിനു പ്രയാസമായിത്തീർന്നു. രാജാവിന്റെ ആളുകൾ പിന്നാലേ ഓടിയെത്തി പിടിച്ചെങ്കിലോ എന്നുള്ള ഭയവും അദ്ദേഹത്തിനില്ലായ്കയില്ല. എ ക്ഷീണം നിമിത്തം വല്ല ദിക്കിലൂം കുറച്ചിരിക്കുകയോ കിടക്കുകയോ ചെയ്യാതെ നിവൃത്തിയില്ലെന്ന് അദ്ദേഹത്തിനു തോന്നി. അപ്പോൾ ഇടിമിന്നലിന്റെ പ്രകാശംകൊണ്ട് അദ്ദേഹം ആ വഴിക്കു സമീപത്തായി ഉണ്ടായിരുന്ന വഴിയമ്പലം ശ്രദ്ധയിൽപ്പെട്ടു. തപ്പിത്തടഞ്ഞ് അദ്ദേഹം അവിടെ ചെന്നുകേറി. ക്ഷീണത്താൽ ഉറങ്ങുകയും ചെയ്തു.


ചേരമാൻ പെരുമാൾ എന്ന കേരള രാജാവ്   ഭഗവതിയെ പ്രതിഷ്ഠിക്കണമെന്നു വിചാരിച്ചു വൈക്കത്ത് ഉദയനാപുരത്തും,  സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കണമെന്നു വിചാരിച്ച് കുമാരനല്ലൂരിലും ഓരോ അമ്പലം പണികഴിച്ചു പ്രതിഷ്ഠ്യ്ക്കു മുഹൂർത്തവും നിശ്ചയിച്ച് കഴിഞ്ഞിരുന്നു. വഴിയമ്പല ത്തിൽ കിടന്നുറങ്ങിയ ബ്രാഹ്മണൻ പിറ്റേദിവസം കാലത്തുണർന്നു കണ്ണുതുറന്നു നോക്കിയപ്പോൾ കുമാരസ്വാമിയായ സുബ്രഹ്മണ്യനെ പ്രതിഷ്ഠിപ്പിക്കാനായി ചേരമാൻ പെരുമാൾ പണിയിച്ച അമ്പലത്തിലായിരുന്നു.  അവിടെ ശ്രീകോവിലിനകത്തു പീഠത്തിന്മേൽ സർവാംഗ സുന്ദരിയായ ഒരു ദിവ്യസ്ത്രീഇരിക്കുന്നത് അദ്ദേഹം കണ്ടു.ആ ബ്രാഹ്മണൻ അമ്പലത്തിൽനിന്നു പുറത്തിറങ്ങി അ "ഈ ക്ഷേത്രത്തിൽ മധുരമീനാക്ഷി കുടികൊണ്ടിരിക്കുന്നു" എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. അതു കേട്ടവരെല്ലാം ക്ഷേത്രത്തിലെത്തിയെങ്കിലും ഒന്നും കാണാനായില്ല.  ദേവിയെ ആ ബ്രാഹ്മണനു പ്രത്യക്ഷമായി കാണാമായിരുന്നുവെങ്കിലും മറ്റാർക്കും കാൺമാൻ പാടില്ലായിരുന്നു. അതിനാൽ ആ ജനങ്ങൾ ഭ്രാന്തനെന്നു പരിഹസിച്ചു. ചേരമൻ പെരുമാളും സ്ഥലത്തേക്കു എഴുന്നള്ളിയെങ്കിലും ഒന്നും കാണാനായില്ല. എന്നാൽ ബ്രാഹ്മണനെ സ്പർ‌ശിച്ചു നോക്കിയപ്പോൾ ദേവിയെ കാണാനായി.   തനിയ്ക്ക് നേരിട്ട അനുഭവങ്ങളെല്ലാം അദ്ദേഹത്തെ അറിയിച്ചുപിന്നെ പെരുമാൾ ഇങ്ങനെ വരുവാനുള്ള കാരണമെന്താണെന്ന് ആ ബ്രാഹ്മണനോടു ചോദിക്കുകയും ഉണ്ടായ സംഗതികളെല്ലാം ആ ബ്രാഹ്മണൻ വിസ്തരിച്ചു പറഞ്ഞ് ചേരമാൻ പെരുമാളെ ഗ്രഹിപ്പിക്കുകയും ചെയ്തു. 


" കുമാരസ്വാമിയെ പ്രതിഷ്ഠിക്കാനായി ഉണ്ടാക്കിച്ച സ്ഥലത്ത് അതിനിടയാകാതെയിരിക്കത്തക്കവണ്ണം മുൻകൂട്ടി കടന്നിരുന്നുകളയാമെന്നു വിചാരിച്ചയാൾക്ക് ഞാൻ യാതൊന്നും കൊടുക്കുകയില്ലവേണ്ടതൊക്കെ സ്വയമേവ ഉണ്ടാക്കിക്കൊള്ളട്ടെ.  സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിക്കും, ഇതാ ഞാൻ ഇപ്പോൾത്തന്നെ വൈക്കത്തിനു യാത്രയാകുകയാണ് എന്നു ഫറഞ്ഞു അദ്ദേഹം അപ്പോൾത്തന്നെ അവിടെനിന്ന് പോവുകയും ചെയ്തു.

ചേരമാൻപെരുമാൾ യാത്ര ചെയ്തു കുറച്ചായപ്പോൾആ പ്രദേശത്തെല്ലാം പരസ്പരം കാണാനാവാത്ത വിധം അതികഠിനമായ മഞ്ഞു വന്നുനിറഞ്ഞു.യായി. വഴി തിരിച്ചറിയാൻ പാടില്ലാതെ എല്ലാവരും കുഴങ്ങിവശായി. 


 ചേരമാൻപെരുമാളുടെ ഒരു സേവകൻ "നമുക്കിപ്പോൾ ഈ ആപത്തു നേരിട്ടത് ആ ദേവിയുടെ മായാവൈഭവം കൊണ്ടൂതന്നെയായിരിക്കണം. അല്ലാതെ ഇപ്പോൾ ഇങ്ങനെ വരാനിടയില്ല. ആ ദേവിയുടെ മാഹാത്മ്യം ഒട്ടും ചില്ലറയല്ല. ആ ദേവിയും ബ്രാഹ്മണനും ഇവിടെ വന്നെത്തിയ കഥകൊണ്ടുതന്നെ ഇതറിയാവുന്നതാണ്. അതിനാൽ നമുക്ക് മടങ്ങിപ്പോയി അവിടേക്കു വേണ്ടതെല്ലാം ചെയ്യുകയാണ് വേണ്ട തെന്നു തോന്നുന്നു" എന്നു പറഞ്ഞു. അതു കേട്ടു ചേരമാൻപെരുമാൾ "ഇത് ആ ദേവിയുടെ മായാവൈഭവംകൊണ്ടാണെങ്കിൽ നമുക്കിപ്പോൾ കണ്ണുകാണാറാകട്ടെ. അങ്ങനെയാവുകയാണെങ്കിൽ ഇവിടെനിന്നു നോക്കി യാൽ കാണാവുന്ന ദേശമെല്ലാം ആ ദേവിക്ക് കൊടുത്തേക്കാം.


 അവിടെ വേണ്ടുന്നതെല്ലാം നടത്തുകയും ചെയ്യാം" എന്നു പറഞ്ഞു. ഉടനെ മഞ്ഞു മാറുകയും എല്ലാവർക്കും കണ്ണു കാണാറാവുകയും ചെയ്തു. ഉടനെ ചേരമാൻപെരുമാൾ ആ ദേശമെല്ലാം ആ ദേവിക്ക് വിട്ടുകൊടുത്തിരിക്കു ന്നതായി പറയുകയും തിരിച്ചുപോരികയും ചെയ്തു. മഞ്ഞു നിറഞ്ഞ ആ പ്രദേശത്തിന് "മഞ്ഞൂര്" എന്നു നാമം സിദ്ധിച്ചു. അതു ക്രമേണ "മാഞ്ഞൂര്" ആയിത്തീർന്നു. 


ചേരമാൻപെരുമാൾ ദേവീസാന്നിദ്ധ്യമുണ്ടായ ഈ സ്ഥലത്തു മടങ്ങിയെത്തി. ഇവിടെ ദേവീപ്രതിഷ്ഠതന്നെ കഴിപ്പിക്കാമെന്നു നിശ്ചയിച്ച് അതിനു വേണ്ടുന്ന ഒരുക്കങ്ങളൊക്കെ ചെയ്തുകൊണ്ടു താമസിച്ച് ഇവിടെ പ്രതിഷ്ഠീപ്പിക്കുവാനായി ഉണ്ടാക്കിവച്ച സുബ്രഹ്മണ്യവിഗ്രഹം ചേരമാൻ പെരുമാൾ ഉദയനാപുരത്തേക്കു കൊടുത്തയയ്ക്കുകയും അതു നിശ്ചിത മുഹൂർത്തത്തിൽത്തന്നെ ഉദയനാപുരത്തു പ്രതിഷ്ഠിപ്പിക്കുന്നതിനും അവിടെ പ്രതിഷ്ഠിപ്പിക്കുന്നതിനായി ഉണ്ടാക്കിവെച്ചിരിക്കുന്ന ദേവീ വിഗ്രഹം ഇങ്ങോട്ടു കൊടുത്തയയ്ക്കുന്നതിനും പ്രതിപുരു‌ഷന്മാരെ ചട്ടംകെട്ടി അയയ്ക്കുകയും ചെയ്തു.


ഉദയനാപുരത്തുണ്ടാക്കിവെച്ചിരുന്ന ആ ദേവീവിഗ്രഹം പ്രതിഷ്ഠാ സമയത്തിനു വന്നുചേരുകയില്ലെന്നു മുഹൂർത്തദിവസമടുത്തപ്പോൾ അറിവു കിട്ടുകയാൽ ചേരമാൻപെരുമാൾക്കു വളരെ വിഷമമായി. വേറെ ഒരു വിഗ്രഹം പണിയിക്കുന്നതിനു സമയവുമില്ല. നിശ്ചയിച്ച മുഹൂർത്തത്തിനു പ്രതിഷ്ഠ നടത്തിയില്ലെങ്കിൽ വളരെ പണനഷ്ടവും യശസ്സ് കുറച്ചിലുമുണ്ടാകും. തന്നെയല്ല, ഇത്ര ശുഭമുഹൂർത്തം പിന്നെയുണ്ടാകുമോയെന്നു മറിയില്ല. ദുഃഖിതനായ അദ്ദേഹം പല വിധ ആലോചനകളുമായി കിടന്നുറങ്ങി. 


അദ്ദേഹത്തിന് ദേവിയുടെ ഒരു സ്വപ്നദർശനമുണ്ടായി. നിലവിൽ പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ച വിഗ്രഹത്തെക്കാൾ ഉചിതമായ ഒരു വിഗ്രഹം, കുമാരനല്ലൂരിൽ നിന്ന് അല്പം വടക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്ന 'വേദഗിരി' എന്ന സ്ഥലത്തെ ഒരു മലയിൽ ഒരു കിണറ്റിൽ കിടപ്പുണ്ടെന്നും അതുകൊണ്ടുവന്ന് പ്രതിഷ്ഠ നടത്തിയാൽ മതിയെന്നും ദേവി സ്വപ്നത്തിൽ അരുളി. കണ്ണുതുറന്നുനോക്കിയപ്പോൾ പെരുമാൾ ആരെയും കണ്ടില്ല. എങ്കിലും, ഇത് സത്യമാണോ എന്നറിയാൻ പെരുമാൾ ഏതാനും സേവകരോടൊപ്പം വേദഗിരിയിലെത്തി.


 അവിടം മുഴുവൻ കാടുപിടിച്ചുകിടക്കുകയായിരുന്നു. ആ കാടെല്ലാം വെട്ടിത്തെളിച്ചുനോക്കിയപ്പോൾ അവിടെ ഒരു കിണർ കാണാനിടയായി. പെരുമാളുടെ സേവകരിലൊരാൾ അതിലിറങ്ങിത്തപ്പിയപ്പോൾ അഞ്ജനശിലയിൽ തീർത്തതും ലക്ഷണമൊത്തതും കേടുപാടുകളൊന്നുമില്ലാത്തതുമായ ഒരു ദേവീവിഗ്രഹം കണ്ടുകിട്ടി. ചതുർബാഹുക്കളോടുകൂടി, കൈകളിൽ ശംഖും ചക്രവും വരദകടീബദ്ധമുദ്രകളും ധരിച്ച രൂപത്തിലുള്ളതായിരുന്നു ആ വിഗ്രഹം. തുടർന്ന് ആഘോഷപൂർവ്വം വിഗ്രഹം കുമാരനല്ലൂരിലെത്തിച്ചു നിശ്ചിതമുഹൂർത്തത്തിൽ തന്നെ ശ്രീലകത്ത് പ്രതിഷ്ഠിയ്ക്കുകയും ചെയ്തു.


 തുടർന്ന് അവിടത്തെ നിത്യനിദാനം, ആട്ടവിശേഷങ്ങൾ തുടങ്ങിയവയും നിശ്ചയിച്ച പെരുമാൾ, ക്ഷേത്രം നാട്ടുകാരായ നമ്പൂതിരിമാരെ ഏല്പിയ്ക്കുകയും മധുരയിൽ നിന്നുവന്ന ശാന്തിക്കാരനെ ക്ഷേത്രത്തിലെ ശാന്തിക്കാരനാക്കുകയും ചെയ്തു. ആ ശാന്തിക്കാരന്റെ കുടുംബത്തിനാണ് ഇപ്പോഴും ക്ഷേത്രത്തിൽ പൂജാധികാരം. മധുരയിൽ നിന്ന് വന്ന ശാന്തിക്കാരന്റെ പിന്മുറക്കാരായതിനാൽ ആ കുടുംബം 'മധുര ഇല്ലം' എന്നറിയപ്പെടുന്നു.


കടപ്പാട് വിവിധ സൈറ്റുകൾ‌, വിക്കിപീഡിയ, പ്രായമായവരുടെ വാമൊഴി–


തിരുത്തലുകളും തെറ്റുകുറ്റങ്ങളും കൂട്ടിച്ചേർക്കാനുള്ളവയും ദയവായി ഇവിടെ അയക്കൂ–foodgadgettravel@gmail.com


കഥകളും മാന്ത്രിക കഥകളും വായിക്കാൻ - ഡൗൺലോഡ് ചെയ്യുക https://play.google.com/store/apps/details?id=horror.malayalam

അഭിപ്രായങ്ങള്‍